മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം, ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനു താരനിബിഢമായ ലോഞ്ച്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യൽ പേജുകളിലൂടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിക്കഴിഞ്ഞു. ആമേൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം മനോജ്. പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ചതുർമുഖത്തിനു വേണ്ടി സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
രഞ്ജിത്ത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മഞ്ജു വാരിയർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിസും ജസ്റ്റിൻ തോമസും ചേർന്നാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംഗീതസംവിധാനം ഡോൺ വിൻസെന്റ്, വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം രാജേഷ് നെന്മാറ, കലാസംവിധാനം നിമേഷ് എം താനൂർ