ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ് കസ്തുരി രാജയുടെ സംവിധായക സംരംഭമായ ‘തുള്ളുവാദോ ഇളമൈ’ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിക്കൊണ്ടായിരുന്നു സെല്‍വരാഘവന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇതെ ചിത്രത്തിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹോദരൻ ധനുഷും സിനിമയിലേക്ക് എത്തിയത്. ‘സാനി കായിധം’ എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്.
ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ‘സാനി കായിധം’ എന്ന ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം ചെയ്യുന്നത് യുവൻ ശങ്കർ രാജയാണ്. ഛായാഗ്രഹണം യാമിനി യഗ്നമുർത്തി. സ്ക്രീൻ സീൻ മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത്.