ട്രാഫിക്, സെവൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം നീണ്ട പത്ത് വർഷത്തെ ഇടവേളക്കിപ്പുറം നിവിൻ പോളിയും ആസിഫ് അലിയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന അടുത്തൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകൾ ഏറെ പ്രതീക്ഷയാണ് മലയാള സിനിമാപ്രേമികളിൽ നിറച്ചത്.
1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ എബ്രിഡ് ഷൈൻ ആണ് ഈ ചിത്രം സംവിധാനം ചെയുന്നത്. മഹാവീര്യർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനിൽ ആരംഭിച്ചു. പുതുമയും ഹ്യൂമറും നിറഞ്ഞ ഒരു ചിത്രമാകും ഇതെന്നാണ് അറിയാൻ സാധിക്കുന്നത്. എം മുകുന്ദനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമ്മിക്കുന്നത്. നടൻ ലാലും സിദ്ധിക്കും ചിത്രത്തിലെ രണ്ട് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
സിബി മലയിൽ സംവിധാനം ചെയുന്ന കൊത്ത്, ജിബു ജേക്കബ് സംവിധാനം ചെയുന്ന എല്ലാം ശെരിയാവും, അജയ് വാസുദേവ് സംവിധാനം ചെയുന്ന നാലാം തൂണ് എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയുന്ന കനകം കാമിനി കലഹം, രാജീവ് രവിയുടെ തുറമുഖം തുടങ്ങിയ ചിത്രങ്ങളാണ് നിവിൻ പൊളിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.