പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിഗർ’. തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. സെപ്റ്റംബർ 9 -ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്ന വിവരം വിജയ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടത്. അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ കൃഷ്ണ, റോണിത് റോയ്, മകരന്ദ് ദേശ്പാണ്ഡെ, അലി, ഗെറ്റപ്പ് ശ്രീനു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമ ആണ്.
ഒരു ബോക്സറുടെ ലുക്കിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ട വിജയ് ദേവരകൊണ്ട ഈ പുത്തൻ പോസ്റ്ററിലും നല്ല കട്ട കലിപ്പിലാണുള്ളത്. ‘ലിഗർ: സാലാ ക്രോസ്ബ്രീഡ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ധർമ്മ പ്രൊഡക്ഷന്സിന്റെയും പുരി കണക്സിന്റേയും ബാനറിൽ കരൺ ജോഹർ, ചർമ്മേ ഖോർ, അപൂർവ മെഹ്ത, ഹിരോ യഷ് ജോഹർ, പുരി ജഗന്നാഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പുരി ജഗന്നാഥ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് മണി ശർമ്മയാണ്.