ഹോളിവുഡ് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സയൻസ് ഫിക്ഷൻ മാട്രിക്സിന്റെ നാലാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. വൗചൗസ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നിയോ ആയി പ്രിയ താരം കിയാനു റീവ്സ് മടങ്ങിയെത്തുന്നു എന്ന വാർത്തയും ആരാധകരെ പ്രതീക്ഷയിൽ ആഴ്ത്തിയിരിക്കുകയാണ്. ക്യാരി ആനെ മോസ്സാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത മാട്രിക്സിനെ ഇന്ത്യൻ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നു.
കിയാനുവിന്റെ തല മൊട്ടയടിച്ചുള്ള നിയോ ലുക്കിലെ ലൊക്കേഷൻ സ്റ്റിൽസ്ഇൻറർനെറ്റിൽ തരംഗമാണ്. വാർണർ ബ്രദേർസ്, വില്ലേജ് റോഡ്ഷോ പിക്ചേർസ് എന്നിവരാണ് മെട്രിക്സ് 4 ന്റെ നിർമാണവും വിതരണവും കൈകാര്യം ചെയ്യുന്നത്. മെട്രിക്സ് പുറത്തിറങ്ങി ഇരുപതുവര്ഷം പൂർത്തിയാകുമ്പോഴാണ് സിനിമയുടെ നാലാം ഭാഗം എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗം 1999 ലായിരുന്നു തീയേറ്ററുകളിൽ എത്തിയത്. വമ്പൻ സ്വീകരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ഭാഗം മെട്രിക്സ് റി ലോഡഡും, മൂന്നാം ഭാഗം മെട്രിക്സ് റവലൂഷനും 2003 ലാണ് റിലീസ് ചെയ്തത്.