കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ നിര്യാതനായി. മലയാള സിനിമയ്ക്കും മലയാള സാഹിത്യലോകത്തിനും നിരവധി അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിക്കുന്നത്.
‘അനാഥൻ’എന്ന കവിതയിലൂടെയാണ് അനിൽ സാഹിത്യലോകത്തിലേക്ക് തന്റെ പേര് എഴുതി ചേർത്തത്. തുടർന്ന് ആ കവിത 2005 ൽ ശോഭന പ്രധാന വേഷത്തിൽ എത്തിയ ‘മകൾക്ക്’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയതോടെ അദ്ദേഹം മലയാള സിനിമാലോകത്തേക്ക് പ്രവേശിച്ചു. അറബിക്കഥയിലെ ‘തിരികെ ഞാൻ വരുമെന്ന…’ ഗാനം, അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാർ ഏറ്റുപാടുന്ന ചോരവീണ മണ്ണിൽ നിന്ന്… എന്ന വിപ്ലവഗാനം, വ്യത്യസ്തനായ ബാബർ ബാലന്റെ കഥ പറഞ്ഞ ഗാനം, നാടകലോകത്തിനെ വരച്ചുകാട്ടിയ യവനിക ഉയരുമെന്ന ഗാനം, അച്ഛൻ മകൾ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിലെ കടലോളം വാത്സല്യം.. എന്ന ഗാനം, മകന്റെ അച്ഛൻ, ബോഡിഗാർഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, അർജുനൻ സാക്ഷി, ചൈനാടൗൺ, മാണിക്യക്കല്ല്, സീനിയേഴ്സ്, കേരളക്കരകടന്ന് ലോകമൊന്നാകെ ഏറ്റ് പാടിയ ജിമിക്കി കമ്മൽ അങ്ങനെ എണ്ണമറ്റ ചിത്രങ്ങൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട് അദ്ദേഹം.
തന്റെ ആദ്യ സംവിധായകചിത്രമായ ‘കാട്’എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾക്കിടയിലാണ് അദ്ദേഹം കോവിടിന്റെ പിടിയിൽ പെടുന്നത്. തുടർന്ന് 55 ആം വയസ്സിൽ ഇനിയും മഷിപുരളാത്ത കവിതകളും ഗാനങ്ങളും കടലാസുകെട്ടുകളും ബാക്കിയാക്കി അനിൽ പനച്ചൂരാൻ യാത്രയായി. മലയാളത്തിന്റെ ഈ തീരാ നഷ്ടത്തിന് ആദരാഞ്ജലികൾ.